National
ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷനായി ഹരിവംശ് നാരായണ്‍ സിംഗിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ രാജ്യസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഹരിവംശ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.
സഭാനേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ ഹരിവംശിന്റെ പേര് നിർദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സ്ഥാനാർഥികൾ ഇല്ലാതിരുന്നതോടെ മത്സരം ഒഴിവായി. തുടർന്ന് ഹരിവംശിനെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യസഭ ഡെപ്യൂട്ടി ചെയർമാനായി ഹരിവംശിനെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ഉപരിസഭയുടെ സുഗമമായ പ്രവർത്തനത്തിന് അദ്ദേഹത്തിന്റെ അനുഭവസന്പത്തും സംഭാവനകളും വലിയ കരുത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും അദ്ദേഹത്തിന് ആശംസകൾ നേർന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം നേരത്തേ അറിയിച്ചെങ്കിലും അതുണ്ടായില്ല.
രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായാണു നാമനിർദേശം ചെയ്യപ്പെട്ട ഒരംഗം ഉപാധ്യക്ഷപദവിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒന്‍പതിന് ഹരിവംശിന്റെ കാലാവധി അവസാനിച്ചതോടെയാണു അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.
National
ന്യൂഡൽഹി: ഇന്നു നടക്കുന്ന രാജ്യസഭ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽനിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും. പ്രതിപക്ഷവുമായി യാതൊരു ചർച്ചയും നടത്താതെ സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് തീരുമാനം.
പ്രതിപക്ഷവുമായി കൂടിയാലോചനകൾ നടത്താതെ ബിജെപി ഏകപക്ഷീയമായാണു നീങ്ങുന്നതെന്ന് രാജ്യസഭ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ് പറഞ്ഞു.
രാഷ്ട്രപതി നാമനിർദേശം ചെയ്തു രാജ്യസഭയിലെത്തിയ ഹരിവംശ് നാരായണ്‍ സിംഗ് എൻഡിഎ സ്ഥാനാർഥിയായി രാജ്യസഭാ സെക്രട്ടേറിയറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കും. കഴിഞ്ഞ ഒന്‍പതിന് ഹരിവംശ് നാരായണ്‍ സിംഗിന്റെ കാലാവധി അവസാനിച്ചതോടെയാണ് രാഷ്ട്രപതി നാമനിർദേശം ചെയ്തു വീണ്ടും രാജ്യസഭയിലെത്തിയത്.
എന്നാൽ രാഷ്ട്രപതി നാമനിർദേശം ചെയ്ത വ്യക്തിയെ രാജ്യസഭ ഉപാധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. മൂന്നാം തവണയാണു ഹരിവംശ് ഉപാധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.
National
ന്യൂഡൽഹി: ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി.പി.രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗത്വം അദ്ദേഹം രാജിവച്ചിരുന്നു.
വൈകാതെ മുഖ്യമന്ത്രി സ്ഥാനവും നിതീഷ് രാജിവയ്ക്കും. പതിനാലിന് ബിഹാറിൽ എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന.
ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. നിതീഷ് രാജ്യസഭയിലേക്ക് പോകാൻ ആഗ്രഹമില്ലെന്നും ബിജെപിയുടെ നിർബന്ധപ്രകാരമാണ് അദ്ദേഹം രാജ്യസഭയിലേക്ക് പോകുന്നതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
National
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാർ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും ഡൽഹിയിൽ എത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരുവരും പങ്കെടുക്കുമെന്നാണ് സൂചന.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, മാർച്ച് 30 ന് നിതീഷ് കുമാർ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവച്ചിരുന്നു.
നിതീഷ് കുമാർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനാൽ, ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യത്തിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു.
National
ന്യൂഡല്‍ഹി: ഒഡീഷയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേ വിജയിച്ചു. ബിജു ജനതാദള്‍ (ബിജെഡി), കോണ്‍ഗ്രസ്, സിപിഎം പിന്തുണയോടെ മത്സരിച്ച ദത്തേശ്വര്‍ ഹോതയെ ആണ് ദിലീപ് റേ പരാജയപ്പെടുത്തിയത്. പ്രതിപക്ഷ വോട്ടുകൾ ഔദ്യോഗിക സ്ഥാനാര്‍ഥിക്കു ലഭിച്ചില്ലെന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
ബിജെഡിയുടെ ദേബി രഞ്ജന്‍ ത്രിപാഠി, സൗവിക് ബിസ്വാള്‍, ചക്രമണി കന്‍ഹാര്‍, സുബാസിനി ജെന, നബ കിഷോര്‍ മല്ലിക്, രമാകാന്ത് ഭോയ് എന്നിവര്‍ക്കുപുറമേ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരായ അരബിന്ദ മൊഹപത്ര, സനാതന്‍ മഹാകുദ് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എമാരായ സോഫിയ ഫിര്‍ദൗസ്, ദശരഥി ഗമാംഗ്, രമേഷ് ചന്ദ്ര ജെന എന്നിവരും ക്രോസ് വോട്ട് ചെയ്തതായി അഭ്യൂഹങ്ങളുണ്ട്.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളുരുവില്‍ താമസിപ്പിച്ചിരുന്നു. ഇവര്‍ക്കു കോഴപ്പണം കൈമാറാന്‍ ശ്രമിച്ച രണ്ടുപേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി വിജയം സ്വന്തമാക്കുകയായിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി ഒഴിവ് വന്ന 37 രാജ്യസഭാ സീറ്റുകളിൽ 26 സീറ്റുകളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള സീറ്റുകളിലേക്ക് വൈകുന്നേരം നാല് മണി വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
എൻസിപി നേതാവ് ശരദ് പവാറടക്കം 26 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ഏഴ് എംപിമാരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്ട്രിയില്‍ ഏഴും, തമിഴ്നാട്ടില്‍ ആറും, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതവും, ഒഡീഷയിൽ നാലും, അസമിൽ മൂന്നും, തെലങ്കാന, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം, ഹിമാചൽ പ്രദേശിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് 37 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഒഡീഷയിലെ നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കോൺഗ്രസ് എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് ആരോപിച്ചു.
ബിജെഡി എംഎൽഎമാരിൽ ചിലർ വോട്ട് മാറി ചെയ്തതായും സൂചനയുണ്ട്.ബീഹാറിൽ വോട്ടെടുപ്പ് പുരോഗമിക്കവെ ഇന്ത്യ സഖ്യത്തിലെ മൂന്ന് എംഎൽഎമാരെ കാണാനില്ലെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാറും, രാംനാഥ് താക്കൂറും വിജയം ഉറപ്പാക്കി. ബിജെപിയുടെ നിതിൻ നബിൻ, ശിവം കുമാർ എന്നിവരും വിജയം ഉറപ്പാക്കി. ഹരിയാനയിലെ രണ്ട് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്.
National
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്. 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലുവരെ ആണ് വെട്ടെടുപ്പ് നടക്കുക. വൈകുന്നേരം അഞ്ചോടെ വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.
എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ ഉൾപ്പെടെ 26 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
ബിഹാറിലെ നാല് സീറ്റുകളിൽ എൻഡിഎ വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
എന്നാൽ ഒരു സീറ്റില്‍ ഇന്ത്യ മുന്നണിയും എന്‍ഡിഎയും തമ്മില്‍ കനത്ത മത്സരമുണ്ടാകും.
ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ.
National
ന്യൂഡൽഹി: കേരളത്തിലുടനീളം മെച്ചപ്പെട്ട റെയിൽ കണക്ടിവിറ്റി ഉറപ്പാക്കാൻ മൂന്ന് ഓപ്ഷനുകളാണു പരിഗണനയിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ. കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള അതിവേഗ റെയിൽവേ കോറിഡോറിനെ സംബന്ധിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈന്‍ എന്ന കെ റെയിലാണു കേന്ദ്രം പരിഗണിക്കുന്ന ഓപ്ഷനുകളിലൊന്ന്. സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിക്കു ബദലായി ആർആർടിഎസ് പദ്ധതി പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രസർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
റെയിൽ ലൈൻ കണക്ടിവിറ്റി മെച്ചപ്പെടുത്താനായി കേന്ദ്രം പരിഗണിക്കുന്ന രണ്ടാമത്തെ ഓപ്ഷൻ കേരളത്തിലെ ഏഴ് റെയിൽ റൂട്ടുകളുടെ വികസനം സംബന്ധിച്ച പദ്ധതിയാണ്. ഷൊർണൂർ-മംഗളൂരു (3, 4 ലൈൻ), കോയന്പത്തൂർ-ഷൊർണൂർ (3, 4 ലൈൻ), ഷൊർണൂർ-എറണാകുളം (മൂന്നാമത്തെ ലൈൻ), എറണാകുളം-കായംകുളം (മൂന്നാമത്തെ ലൈൻ (കോട്ടയം വഴി), കായംകുളം-തിരുവനന്തപുരം (മൂന്നാമത്തെ ലൈൻ), തിരുവനന്തപുരം-നാഗർകോവിൽ (മൂന്നാമത്തെ ലൈൻ), മാരാരിക്കുളം-ആലപ്പുഴ പാതയിരട്ടിപ്പിക്കൽ എന്നിവയാണ് ഈ ഏഴ് റെയിൽ റൂട്ടുകൾ. ഈ റൂട്ടുകളുടെ ഡിപിആർ തയാറാക്കുന്നതിനുള്ള അനുമതി റെയിൽവേ നൽകിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് ജോണ്‍ ബ്രിട്ടാസിനെ രേഖാമൂലം അറിയിച്ചു.
മൂന്നാമത്തെ ഓപ്ഷനാകട്ടെ മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു വച്ച കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽ കോറിഡോർ പദ്ധതിയാണ്. ഇതിന്റെ ഡിപിആർ തയാറാക്കുന്നതിന് നിർദേശിക്കുന്ന കത്ത് ശ്രീധരനിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും കത്ത് വിലയിരുത്തുന്നതിനായി ബോർഡിന് കൈമാറിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. മണിക്കൂറിൽ 180 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കുന്ന സ്റ്റാൻഡേർഡ് ഗേജിലുള്ള റെയിൽവേ ലൈനാണു ശ്രീധരന്റെ പദ്ധതി.
54,000 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി വിശദമായി വിലയിരുത്തിയെന്നും ശ്രീധരനെ ഉടൻ ചർച്ചയ്ക്കായി വിളിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് സഭയിൽ അറിയിച്ചു.
കെ റെയിൽ പദ്ധതി എംബാങ്ക്മെന്റിലാണെങ്കിൽ ഏഴു റൂട്ടുകളുടെ പദ്ധതി പ്രധാനമായും പ്രതലത്തിലാണെന്നും ശ്രീധരന്റെ പദ്ധതി എലവേറ്റഡ് ലൈനിലാണെന്നും ഇവ മൂന്നിലുംവച്ച് ഏറ്റവും സാന്പത്തികലാഭവും മികച്ചതുമായ ഓപ്ഷൻ തെരഞ്ഞെടുക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
മന്ത്രി മറുപടി നൽകുന്നതിനിടയിൽ രാജ്യസഭയുടെ ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഈ മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് കേരളത്തിനു ഉറപ്പായും നൽകില്ലേയെന്നു ചോദിച്ചപ്പോൾ, റെയിൽവേ മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
തങ്ങൾ ഏറ്റെടുത്ത പദ്ധതികളെല്ലാം പൂർണ ആത്മാർഥതയോടെ പൂർത്തീകരിച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാതെയുള്ള മന്ത്രിയുടെ മറുപടി.
National
ന്യൂഡൽഹി: എൻസിപി (എസ്പി) തലവൻ ശരദ് പവാർ, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ, കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി തുടങ്ങിയ 26 പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഈ മാസം 16ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അന്തിമ തീയതി അവസാനിച്ചതിനു ശേഷമാണ് 26 സീറ്റുകളിലെ ഫലം തെളിഞ്ഞത്.
പത്തു സംസ്ഥാനങ്ങളിലെ 37 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ 40 ഓളം സ്ഥാനാർഥികളായിരുന്നു നാമനിർദേശ പത്രിക നൽകിയിരുന്നത്. ഇതിൽ 26 സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ശേഷിക്കുന്ന 11 സീറ്റിൽ മത്സരമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
National
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ പാർലമെന്റ് അംഗമാകുന്ന എൽജിബിടി സമൂഹത്തിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് ഇവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് ഇവർ രാജ്യസഭയിലെത്തുന്നത്.
സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീംകോടതിയുടെ നിർണായകമായ 'നവ്തേജ് സിംഗ് ജോഹർ' കേസിൽ ഹാജരായ പ്രമുഖ അഭിഭാഷകയാണ് മേനക ഗുരുസ്വാമി. നിയമരംഗത്തെ മികച്ച പ്രവർത്തനത്തിന് പിന്നാലെയാണ് അവർ നിയമനിർമാണ സഭയിലേക്കും എത്തുന്നത്.
ഡൽഹിയിൽ നിന്നുള്ള രാജ്യസഭാ ഒഴിവിലേക്കാണ് മേനക എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് റോഡ്സ് സ്കോളർഷിപ്പോടെ നിയമപഠനം പൂർത്തിയാക്കിയ ഇവർ, ഹാർവാർഡ് ലോ സ്കൂളിലും പഠനം നടത്തിയിട്ടുണ്ട്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക പദവി വഹിക്കുന്ന ചുരുക്കം സ്ത്രീകളിൽ ഒരാൾ കൂടിയാണ് ഇവർ.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ സുരക്ഷയെക്കുറിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നോട്ടീസ് നൽകി. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ സഭയിൽ പ്രസ്താവന നടത്തുന്നതിനിടെയാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയിൽ വിലയെയും ഇന്ത്യയുടെ ഇന്ധന ലഭ്യതയെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിശദമായ ചർച്ച വേണമെന്ന് ഖർഗെ ആവശ്യപ്പെട്ടു. ചർച്ചയ്ക്കായി സഭയുടെ നടപടിക്രമങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഖർഗെ നോട്ടീസ് സമർപ്പിച്ചത്.
വിദേശകാര്യമന്ത്രിയുടെ പ്രസ്താവന അപൂർണമാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ മുദ്രാവാക്യം വിളിച്ചു. കേവലം ഒരു പ്രസ്താവനയിലൊതുക്കാതെ വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ ഇറക്കുമതിയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്
National
ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്റെ മനസിൽ ഒരു ആഹ്രമുണ്ടായിരുന്നു. ആ അഭിലാഷം നിറവേറ്റുന്നതിനായിട്ടാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ എംപി, എംഎൽഎ, എംഎൽസി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. രാജ്യസഭയിലേക്ക് മത്സരിക്കാൻ നിതീഷ് ഇന്ന് പത്രിക സമർപ്പിക്കും. നിതീഷ് മുഖ്യമന്ത്രിസ്ഥാനം ഒഴിയുമ്പോൾ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നുമാണ് സൂചന.
ബിഹാറിന് വികസനത്തിന്റെയും അന്തസിന്റെയും ഒരു പുതിയ മാനം അവതരിപ്പിക്കാൻ സാധിച്ചു. പുതിയ മുഖ്യമന്ത്രിക്ക് തന്റെ പൂർണ സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്ര രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിനു പിന്തുണ നല്കാൻ കോൺഗ്രസ് തീരുമാനിച്ചു.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
മഹാ വികാസ് അഗാഡിക്കു ലഭിക്കാവുന്ന ഏക സീറ്റിന് കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി പാർട്ടികൾ അവകാശമുന്നയിച്ചിരുന്നു. ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 36 വോട്ടാണ് ഒരു സ്ഥാനാർഥിക്കു വിജയിക്കാൻ വേണ്ടത്. എംവിഎ സഖ്യത്തിന് 46 എംഎൽഎമാരുണ്ട്.
National
പാറ്റ്ന: നിതീഷ് കുമാർ വീണ്ടും കളംമാറ്റി ചവിട്ടുന്നു. ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് പുതിയ വിവരം.
രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. ഇതോടെയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ ജെഡിയുവിൽനിന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിതീഷിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായേക്കും. ജെഡിയു-ബിജെപി സഖ്യസർക്കാരാണ് ബിഹാർ ഭരിക്കുന്നത്.
നിഷാന്ത് കുമാര്‍ സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബിഹാര്‍ ഗതാഗത മന്ത്രി ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: വിദേശരാജ്യങ്ങളുമായുള്ള പാർലമെന്ററി ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടു പാർലമെന്ററി സൗഹൃദ ഗ്രൂപ്പുകൾക്ക് രൂപം നൽകി ലോക്സഭ സ്പീക്കർ ഓം ബിർള. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരുൾപ്പെട്ട 64 പാർലമെന്ററി സൗഹൃദ ഗ്രൂപ്പുകളാണു രൂപവത്കരിച്ചത്.
വിവിധ രാജ്യങ്ങളിലെ പാർലമെന്റുകളുമായുള്ള ആശയവിനിമയവും രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധവും ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഈ പാർലമെന്ററി സൗഹൃദ ഗ്രൂപ്പുകൾ വിവിധ രാജ്യങ്ങൾ സന്ദർശിക്കും.
മലയാളി എംപിമാരായ കെ.സി. വേണുഗോപാലിനെ പോർച്ചുഗലിന്റെയും കൊടിക്കുന്നിൽ സുരേഷിനെ ഖത്തറിന്റെയും ശശി തരൂരിനെ ഫ്രാൻസിന്റെയും എൻ.കെ. പ്രേമചന്ദ്രനെ മഡഗാസ്കറിന്റെയും ഗ്രൂപ്പ് ലീഡർമാരാക്കിയിട്ടുണ്ട്.
ജോസ് കെ.മാണി (ഇറാൻ), ജോണ്‍ ബ്രിട്ടാസ് (വിയറ്റ്നാം), പി.ടി. ഉഷ (ജർമനി), ഫ്രാൻസിസ് ജോർജ് (അർജന്റീന), വി. ശിവദാസൻ, ബെന്നി ബെഹനാൻ (ബ്രസീൽ), ഡീൻ കുര്യാക്കോസ് (സൗദി), ഷാഫി പറന്പിൽ (ഇസ്രയേൽ), എ.എ. റഹീം (ഇന്തോനേഷ്യ), ആന്റോ ആന്റണി, ഹൈബി ഈഡൻ (സിംഗപ്പുർ), അടൂർ പ്രകാശ് (കുവൈറ്റ്), എം.കെ. രാഘവൻ (എത്യോപ്യ), പി.പി. സുനീർ (ഗ്രീസ്), കെ. രാധാകൃഷ്ണൻ (മലേഷ്യ), ഹാരിസ് ബീരാൻ (ചെക്ക് റിപ്പബ്ലിക്), വി.കെ. ശ്രീകണ്ഠൻ (ഓസ്ട്രിയ), ജെബി മേത്തർ (ഈജിപ്ത്), അബ്ദുസമദ് സമദാനി (അൾജീരിയ), കെ. സുധാകരൻ (ഖത്തർ), രാജ്മോഹൻ ഉണ്ണിത്താൻ, ഇ.ടി. മുഹമ്മദ് ബഷീർ (മഡഗാസ്കർ) എന്നിവർ വിവിധ സംഘാംഗങ്ങളാണ്.
National
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, ബിഹാര്‍ അടക്കം 10 സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 16ന് നടക്കും.
മുതിര്‍ന്ന എന്‍സിപി നേതാവ് ശരദ് പവാര്‍ ഉള്‍പ്പെടെ ഏപ്രിലില്‍ കാലാവധി അവസാനിക്കുന്നവരുടെ ഒഴിവുകളാണ് നികത്തുന്നത്. പി.വി. അബ്ദുള്‍ വഹാബ്, ഡോ. ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസ് എന്നിവരുടെ 2027 ഏപ്രില്‍ 23 വരെയുള്ള കാലാവധി അവസാനിക്കുമ്പോഴാകും കേരളത്തില്‍നിന്ന് രാജ്യസഭയിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്ര (ഏഴ്), തമിഴ്നാട് (ആറ്), പശ്ചിമബംഗാള്‍, ബിഹാര്‍ (അഞ്ചു വീതം), ഒഡീഷ (നാല്), ആസാം (മൂന്ന്), തെലുങ്കാന, ഛത്തീസ്ഗഡ്, ഹരിയാന (രണ്ടു വീതം), ഹിമാചല്‍ പ്രദേശ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. മഹാരാഷ്ട്രയിലെ ഏഴില്‍ ആറു സീറ്റും ഭരണകക്ഷിയായ ബിജെപി, ശിവസേന, എന്‍സിപി മഹായുതി സഖ്യത്തിനു ലഭിക്കും.
പ്രതിപക്ഷത്തിനു കിട്ടുന്ന ഏക സീറ്റില്‍ പ്രായവും രോഗവും അവഗണിച്ച് ശരദ് പവാര്‍ വീണ്ടും മത്സരിക്കാന്‍ താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് നാരായണ്‍ സിംഗ്, ശരദ് പവാര്‍, കേന്ദ്രമന്ത്രി രാംദാസ് അത്താവലെ, കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഘ്വി, ഡിഎംകെയുടെ തിരുച്ചി ശിവ, ശിവസേനയുടെ (യുബിടി) പ്രിയങ്ക ചതുര്‍വേദി, ബിഹാറിലെ ലോക്സമത പാര്‍ട്ടിയുടെ ഉപേന്ദ്ര കുഷ്വാഹ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാകേത് ഗോഖലെ തുടങ്ങിയവര്‍ വിരമിക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
അടുത്ത മാസം 16ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണു വോട്ടെടുപ്പ്. അതേ ദിവസം വൈകുന്നേരം അഞ്ചിനു വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കും. പുതിയ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഇന്നലെ പുറത്തിറക്കി. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് അഞ്ചിനാണ്.
National
മുംബൈ: ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് ശരദ് പവാർ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തന്റെ 85-ാം വയസിൽ പ്രായം കണക്കിലെടുത്ത് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പവാർ നേരത്തെ പറഞ്ഞെങ്കിലും സഞ്ജയ് റാവത്തിന്റെ പ്രസ്താവന എൻസിപി ശരദ് പവാർ വിഭാഗം നിഷേധിച്ചില്ല.
50 വർഷത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 14 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശരദ് പവാർ ഒന്നിൽ പോലും തോറ്റിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ശരദ് പവാർ രാജ്യസഭയിലേക്ക് തിരിച്ചുവരുന്നത് വലിയ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. എൻസിപിയുടെ രണ്ടു വിഭാഗങ്ങളും ഒന്നിക്കുന്നില്ലെങ്കിൽ പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കരുതെന്നാണ് പവാർ പക്ഷത്തെ മിക്കവരുടെയും അഭിപ്രായം.
പത്തോളം എംഎൽഎമാരാണ് പവാറിന്റെ പാർട്ടിക്കുള്ളത്. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
National
ന്യൂഡല്‍ഹി: മൂന്ന് പാര്‍ലമെന്ററി സമിതികളിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള പ്രമേയങ്ങള്‍ക്ക് രാജ്യസഭ അംഗീകാരം നല്കി. 2026 മേയ് ഒന്നുമുതല്‍ ആരംഭിക്കുന്ന ഒരു വര്‍ഷം കാലാവധിയുള്ള ഒഴിവുകളിലേക്കാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുക.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, പൊതുമേഖലാസ്ഥാപനങ്ങളുടെ കമ്മിറ്റി, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനുള്ള കമ്മിറ്റി എന്നീ പാര്‍ലമെന്ററി സമിതികളിലേക്കാണ് പുതിയ അംഗങ്ങളായി എംപിമാരെ നാമനിര്‍ദേശം ചെയ്യുക.
പാര്‍ലമെന്ററികാര്യ സഹമന്ത്രി എല്‍.മുരുകനാണ് രാജ്യസഭാധ്യക്ഷന്റെ അനുമതിയോടെ പാര്‍ലമെന്ററി സമിതികളിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സിഖുകാരോട് വിദ്വേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സിഖുകാരനായതിനാലാണ് ബിജെപി എംപിയായ രവനീത് സിംഗ് ബിട്ടുവിനെ രാഹുൽ രാജ്യദ്രോഹിയെന്ന് വിളിച്ചതെന്നും മോദി ആരോപിച്ചു.
രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. എസ്ഐആറിനെതിരേ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ പോയത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് മോദി രാജ്യസഭയിൽ പറഞ്ഞു.
പ്രധാനമന്ത്രി രാജ്യസഭയിലെത്തിയപ്പോൾ മോദി, മോദിയെന്ന് വിളിച്ചാണ് ഭരണപക്ഷാംഗങ്ങൾ അദ്ദേഹത്തെ വരവേറ്റത്. ഇതേസമയം പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. തുടർന്ന് പ്രസംഗം ആരംഭിച്ച മോദി പ്രതിപക്ഷത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പരിഹസിച്ചു.
83 വയസുള്ള ഖാർഗെയ്ക്ക് പ്രായം കണക്കിലെടുത്ത് ഇരുന്ന് മുദ്രാവാക്യം വിളിക്കാമെന്ന് മോദി പറഞ്ഞു. പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ പ്രതിപക്ഷം തളർന്ന് ക്ഷീണിച്ച് പുറത്തുപോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
National
ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. വികസനത്തിന്റെ ദിശ രാഷ്ട്രപതി പ്രസംഗത്തിൽ കാണിച്ചു.
ഒൻപത് വലിയ രാജ്യങ്ങളുമായി വ്യാപാരക്കരാർ ഉണ്ടാക്കി. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായുള്ള കരാർ മോദി പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും മോദി പറഞ്ഞു.
എന്നാൽ മോദിയുടെ പ്രസംഗം ആരംഭിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോദി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താൻ അനുവദിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. നെഹ്റുവിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും മുദ്രാവാക്യം വിളിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖര്‍ഗെ എഴന്നേറ്റപ്പോള്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതിനിടെ ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി പരിഹസിച്ചു. ഖര്‍ഗെ ഇരുന്ന് പ്രതിഷേധിച്ചാലും മതിയാകുമെന്നും യുവാക്കള്‍ ഒരുപാടുണ്ടല്ലോയെന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്ദം ഉയര്‍ത്താൻ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.
National
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം തുടരവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.
ബുധനാഴ്ച ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസംഗം നടന്നില്ല. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനാൽ പ്രധാനമന്ത്രിയെയും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
അതേസമയം, പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ ധർണ തുടരുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ലോക്സഭയിൽ തുടരുന്ന പ്രതിഷേധം ബുധനാഴ്ച പ്രധാനമന്ത്രിയുടെ ലോക്സഭയിലെ ഇരിപ്പിടം വരെയെത്തി. മോദി പ്രസംഗിക്കാനെത്തിയാൽ അദ്ദേഹത്തിന്റെ മുഖം മറയ്ക്കുന്ന തരത്തിലാണ് വനിതാ എംപിമാർ ബാനറുമായി അണിനിരന്നത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ പ്രധാനമന്ത്രി സഭയിലേക്കെത്തിയില്ല. വനിതാ എംപിമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: പാർലമെന്റിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽഹാസൻ. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
വോട്ടർ പട്ടിക പുതുക്കൽ നടപടിയെ ഒരു മാരക രോഗത്തോടാണ് കമൽഹാസൻ ഉപമിച്ചത്. തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നത് ജീവിക്കുന്ന മൃതദേഹങ്ങളെ സൃഷ്ടിക്കുന്ന ഒരു രോഗമാണ്. ബീഹാറിൽ നാം അത് കണ്ടു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ വെട്ടിമാറ്റുന്നതിലൂടെ രേഖകളിൽ അവരെ മരിച്ചവരായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ രോഗം രാജ്യം മുഴുവൻ പടരാൻ അനുവദിക്കരുത്," കമൽഹാസൻ പറഞ്ഞു.
തമിഴ്നാട്ടിൽ മാത്രം ഏകദേശം ഒരു കോടിയോളം വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം എന്ന ഗൗരവകരമായ ആശങ്ക അദ്ദേഹം സഭയിൽ ഉന്നയിച്ചു. വോട്ടവകാശം എന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: രാജ്യസഭാസീറ്റ് ഒഴിയുകയാണെന്നും മൂന്നാം തവണയും ഉപരിസഭയിലേക്കു മത്സരിക്കുന്നില്ലെന്നും അറിയിച്ച് കോണ്‍ഗ്രസ് എംപിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്.
ഈ വർഷം ഏപ്രിലിൽ രാജ്യസഭാ കാലാവധി തീരാനിരിക്കേയാണു മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. ദിഗ് വിജയ് സിംഗിന്റെ സീറ്റ് പട്ടികജാതിയിൽപ്പെട്ട ഒരാൾക്കു നൽകണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പട്ടികജാതി വകുപ്പ് അധ്യക്ഷൻ പ്രദീപ് അഹിർവാർ അഭ്യർഥിച്ചതിനു പിന്നാലെയാണ് പിന്മാറ്റം.
പ്രവർത്തകസമിതി യോഗത്തിനിടെ ആർഎസ്എസിന്റെ സംഘടനാസംവിധാനത്തെ പ്രകീർത്തിച്ചു പോസ്റ്റിട്ട ദിഗ് വിജയ് സിംഗ് അടുത്തിടെ വിവാദത്തിൽപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ഉപരിസഭയിൽ സ്വാധീനമുറപ്പിക്കാനൊരുങ്ങി എൻഡിഎ. ഈ വർഷം 22 സംസ്ഥാനങ്ങളിലെ 72 രാജ്യസഭ എംപിമാരാണ് കാലാവധി പൂർത്തിയാക്കി സീറ്റുകൾ ഒഴിയാനൊരുങ്ങുന്നത്.
എംഎൽഎമാരുടെ ഭൂരിപക്ഷത്തിനനുസരിച്ചാണ് അതത് സംസ്ഥാനങ്ങളിലെ രാജ്യസഭാ എംപിയെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ മിക്ക സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയ ഭരണമുന്നണിയായ എൻഡിഎ ഈ സീറ്റുകളിൽ നേട്ടം കൊയ്യും.
ഈ വർഷം ഒഴിവ് വരുന്ന 72 സീറ്റുകളിൽ 40 എണ്ണം എൻഡിഎയുടേതാണ്. 25 എണ്ണം ഇന്ത്യാ സഖ്യത്തിന്റേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എംഎൽഎമാരുടെ എണ്ണം വർധിച്ചതിനാൽ ഇതിൽ 50 സീറ്റെങ്കിലും എൻഡിഎയ്ക്കു ലഭിക്കും. ഇന്ത്യാ സഖ്യത്തിനാകട്ടെ ഇതിൽ അഞ്ചു സീറ്റെങ്കിലും നഷ്ടപ്പെടുമെന്നും കരുതപ്പെടുന്നു.
നിയമസഭയിലെ അംഗബലം കണക്കിലെടുക്കുന്പോൾ ബിജെപി 37 അല്ലെങ്കിൽ 38 സീറ്റുകൾ വിജയിക്കാനാണു സാധ്യത. കോണ്‍ഗ്രസാകട്ടെ ഈ സീറ്റുകളിൽ നിലവിലുള്ള എംപിമാരുടെ എണ്ണം എട്ടിൽനിന്ന് ഒന്‍പതായി വർധിപ്പിച്ചേക്കും.
പശ്ചിമ ബംഗാളിൽനിന്നുള്ള പാർട്ടിയുടെ ഒരേയൊരു എംപിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ഈ വർഷം വിരമിക്കുന്നതിനാൽ സിപിഎമ്മിന്റെ രാജ്യസഭാ പ്രാതിനിധ്യം നാലിൽനിന്ന് മൂന്നായി കുറഞ്ഞ് കേരളത്തിലേക്കു മാത്രമായി ഒതുങ്ങും. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതാകുന്പോൾ എൻസിപിയുടെ ശരദ് പവാർ വിഭാഗം സ്വന്തമാക്കിയിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളും അവർക്കു നഷ്ടമായേക്കാം.
രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ്‍ സിംഗ്, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ബി.എൽ. വർമ, ജോർജ് കുര്യൻ, രവ്നീത് സിംഗ് ബിട്ടു, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തുടങ്ങിയവർ ഈ വർഷം സ്ഥാനമൊഴിയുന്ന 72 എംപിമാരിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ഈ വർഷം കാലാവധി പൂർത്തിയാക്കും.
എൻഡിഎ-135, ഇന്ത്യാ സഖ്യം-80, മറ്റുള്ളവർ-29, ഒഴിഞ്ഞുകിടക്കുന്നത്- 29 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പുകൾക്കുശേഷം എൻഡിഎയുടെ അംഗബലം 145 ആയി ഉയർന്നേക്കും. ഇന്ത്യാ സഖ്യത്തിന്റേത് 75 ആയും മറ്റുള്ളവരുടേത് 25 ആയും മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
National
ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ആണവോർജ ബിൽ പാസായി. സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ 2025 എന്നറിയപ്പെടുന്ന ബില്ല് ഇതോടെ നിയമമാകുന്നതിലേക്ക് ഒരു പടികൂടി അടുത്തു.
ആണവമേഖലയുടെ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്ന സുപ്രധാന ബില്ല് പാർലമെന്ററി സമിതികൾക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യത്തിനു ചെവികൊടുക്കാതെയാണ് ബില്ല് രാജ്യസഭയിൽ കേന്ദ്രം പാസാക്കിയത്.
ആണവോർജം സ്വകാര്യവത്കരിക്കുന്പോഴുള്ള സുരക്ഷാ ആശങ്കകളും ആണവ അപകടത്തിന്റെ ബാധ്യതകളെപ്പറ്റിയുള്ള വ്യവസ്ഥകളും ബില്ല് സഭയിൽ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആണവോർജത്തിന്റെ സന്പന്നമായ ചരിത്രം അനുസ്മരിച്ച കോണ്‍ഗ്രസ് എംപി ജയ്റാം രമേശ്, മേഖലയിലെ നിർണായക വികാസങ്ങൾ 2014നും പതിറ്റാണ്ടുകൾ മുന്‍പ് തുടങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി.
ഹോമി ബാബയെ ചെയർമാനാക്കി 1948 ഓഗസ്റ്റ് 15ന് ആണവോർജ കമ്മീഷൻ രൂപീകരിച്ചതിനുശേഷം ആണവോർജവുമായി ബന്ധപ്പെട്ട ആദ്യ നിയമനിർമാണം 1948 ഏപ്രിൽ ആറിനാണു പാസായതെന്ന് ജയ്റാം രമേശ് പറഞ്ഞു.
ബില്ല് ഇന്ത്യയുടെ ആണവോർജ സംവിധാനത്തിന്റെ പ്രഭുവാഴ്ചയ്ക്കു വഴിവയ്ക്കുമെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് പറഞ്ഞു. ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ മുഖവിലയ്ക്കെടുക്കാതെ ആണവോർജത്തിന്റെ വിതരണ ബാധ്യതയെ ദുർബലപ്പെടുത്തുകയാണ് ബില്ല് ചെയ്യുന്നതെന്ന് ഡിഎംകെ എംപി പി. വിൽസൺ പ്രതികരിച്ചു.
ബില്ല് പ്രഥമമായി ആണവ വിതരണക്കാർക്ക് ഗുണം ചെയ്യുന്നതിനായി അവതരിപ്പിച്ചതാണെന്ന് സിപിഎം എംപി എ.എ. റഹീം പറഞ്ഞു. എന്നാൽ ആണവോർജത്തിന്റെ സുരക്ഷാസംവിധാനത്തിൽ ബില്ല് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നു കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പുതിയ നിയമനിർമാണം സുരക്ഷ, നിയന്ത്രണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ ആണവോർജ ചട്ടക്കൂട് ആധുനികവത്കരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരിസഭയും അധോസഭയും കടന്ന ബില്ല് ഇനി രാഷ്ട്രപതിയുടെ അന്തിമ അനുമതിയും ലഭിച്ച് ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ നിയമമായി മാറും.
ആണവോർജ ബില്ലിനെതിരേ ഓൾ ഇന്ത്യ പവർ എൻജിനിയേഴ്സ് ഫെഡറേഷൻ (എഐപിഇഎഫ്) ഈ മാസം 23ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.
കേന്ദ്ര ട്രേഡ് യൂണിയനുകളുമായും കർഷകസംഘടനയായ സംയുക്ത് കിസാൻ മോർച്ചയുമായും (എസ്കഐം) സഹകരിച്ചാണു പ്രതിഷേധം.
National
ന്യൂഡൽഹി: ആണവോർജ ബില്ല് പാസാക്കിയതിനുപിന്നാലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം നടപ്പിൽ വരുത്തുന്ന വിബി-ജി റാം ജി ബില്ലിൽ രാജ്യസഭ ചർച്ച തുടങ്ങി.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യസഭയിലും ബില്ല് പാസാക്കും.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്റെ പ്രസംഗം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയത്തോടെ ബിഹാറിൽ വരുംവർഷങ്ങളിൽ ഒഴിവുവരുന്ന മുഴുവൻ രാജ്യസഭാ സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ പോക്കറ്റിലാകും. ബിഹാറിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിക്ക് രാജ്യസഭയിൽ പ്രാതിനിധ്യംപോലും ഇല്ലാതാവുകയും ചെയ്യും.
ബിഹാറിൽ ആകെയുള്ള 16 രാജ്യസഭാംഗങ്ങളിൽ അഞ്ചുപേരാണ് ആർജെഡി പ്രതിനിധികൾ. ഒരംഗം കോൺഗ്രസിൽ നിന്നാണ്. ആർജെഡിയുടെ പ്രേംചന്ദ് ഗുപ്തയുടെയും എ.ഡി. സിംഗിന്റെയും കാലാവധി ഏതാനും മാസങ്ങൾക്കകം പൂർത്തിയാകും.
വരാനിരിക്കുന്ന നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടു സീറ്റുകളും എൻഡിഎയ്ക്കു അനായാസം വിജയിക്കാനാകും. എൻഡിഎ അംഗങ്ങളായ ഹരിവംശ്, രാംനാഥ് താക്കൂർ (രണ്ടുപേരും ജെഡിയു) ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം) എന്നിവരുടെ കാലാവധി അടുത്തവർഷം ഏപ്രിൽ ഒന്‍പതിന് തീരും. അഞ്ച് സീറ്റുകളിലേക്കും വിജയിക്കാൻ ഓരോ സ്ഥാനാർഥിക്കും 42 വോട്ട് വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
243 അംഗ സഭയിൽ മഹാസഖ്യത്തിന് 35 പേരുടെ പിന്തുണ മാത്രമാണുള്ളത്. ആർജെഡി (25) കോൺഗ്രസ് (ആറ്) സിപിഐ-എംഎൽ (രണ്ട്) എന്നിവയ്ക്കു പുറമേ സിപിഎമ്മിന്റെയും ഐഐപിയുടെയും ഓരോ അംഗങ്ങവും കൂടി ചേരുന്നതാണിത്.ആർജെഡിയുടെ ഫിയാസ് അഹമ്മദ്, ബിജെപിയുടെ സതീഷ് ചന്ദ്ര ദുബെ, മനാൻ കുമാർ മിശ്ര, ശംഭു സഹാരൻ പട്ടേൽ, ജെഡിയു പ്രതിനിധി ഖിരു മഹ്തോ എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി 2028 ജൂലൈ ഏഴിനും അവസാനിക്കും.
ഇതിനുശേഷം 2030ന്റെ തുടക്കത്തിൽ സംസ്ഥാനത്ത് ആറ് രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയിൽനിന്നുള്ള ധർമ്മശില ഗുപ്ത, ഭീംസിംഗ്, ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝാ, ആർജെഡിയുടെ മനോജ് കുമാർ ഝാ, സഞ്ജയ് യാദവ്, കോൺഗ്രസിന്റെ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരുടെ കാലാവധി കഴിയുന്നതോടെയാണിത്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളിലൊന്നും സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനില്ല. വിജയം ഉറപ്പായതിനാൽ ഏതാനും വർഷങ്ങൾകൊണ്ട് രാജ്യസഭയിലും ബിജെപി കൂടുതൽ കരുത്തരാകും.